യിസ്രായേൽ ജനത്തിന്റെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും വിശ്വാസത്തിന്റെയും ദൈവാശ്രയത്തിന്റെയും അടയാളമായ സമാഗമന കൂടാരത്തിന്റെ നിർമ്മിതിയിൽ നിയോഗിതനായ ഹൂറിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിന്റെ ജീവിതവും സമർപ്പണവും നിയോഗവും വിഷയമാക്കിയ പഠനമാണ് നിശബ്ദതയിലെ സുവിശേഷത്തിന്റെ ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അദ്ധ്യാപകനും ഗ്രന്ഥകർത്താവും പ്രഭാഷകനും സുവിശേഷകനുമായ ശ്രീ.ഷാജി ജോർജ് സാറിന്റെ അതിമനോഹരമായ ധ്യാന ചിന്തകൾ ആഴമായ ആത്മീയ സത്യങ്ങളെ നമ്മുക്ക് പരിചയപ്പെടുത്തുന്നു. ദൈവത്തിന്റെ തണലിൽ അഥവാ ദൈവത്തിന്റെ സംരക്ഷണം എന്ന് അർത്ഥം വരുന്ന വാക്കിന്റെ ഉടമയായ ബസേലേൽ,യഹൂദ ഗോത്രക്കാരനും കരകൗശല വിദ്യയിൽ പ്രാവീണ്യം നേടിയവനും സമാഗമന കൂടാരത്തിന്റെ നിർമ്മിതിയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയും ആയിരുന്നു. യഹോവ പേരു ചൊല്ലി വിളിക്കാൻ ഭാഗ്യം ലഭിച്ചവനും, അതിലൂടെ നിയോഗങ്ങളെ ഭരമേൽപ്പിക്കപ്പെട്ട് ഒരു വിശ്വാസ സമൂഹത്തിന്റെ ദൈവീക പദ്ധതികളെ പൂർത്തീകരിക്കാൻ, ദൈവാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സമർഥ്യവും ലഭിച്ച്, അനുഗ്രഹീതമായ ജീവിതത്തിന്റെ ഉടമയായ ബസലേൽ നമ്മുക്ക് എന്നും പ്രചോദനമാണ്. ബെസലേലിന്റെയും ഒഹൊലീയാബിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ പരാമർശവും, ഇന്നിന്റെ കാലഘട്ടത്തിൽ ദൈവീ ക ശുശ്രൂഷയുടെ അടയാളപ്പെടുത്തലുമാണ്. സമർപ്പണ ജീവിത ത്തിലൂടെ മറ്റുള്ളവരുടെ ജീവിതങ്ങളെ സ്വാധീനിക്കുന്ന നിശ്ശബ്ദമായ ഇത്തരം ജീവിതങ്ങൾ നമ്മുടെയും ശുശ്രൂഷ തലങ്ങളെ പ്രകാശിപ്പിക്കട്ടെ !