യോഹന്നാൻ
6:35 യേശു അവരോട് ഞാന്‍ ആകുന്നു ജീവന്‍റെ അപ്പം. എന്‍റെ അടുക്കല്‍ വരുന്നവന് വിശക്കുകയില്ല, എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.
6:36 എന്നാലോ നിങ്ങള്‍ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞു.
6:37 എന്‍റെ പിതാവ് എനിക്കു തന്നവരെല്ലാം എന്‍റെ അടുക്കല്‍ വരും.
6:38 എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ പുറന്തള്ളുകയില്ല. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്നത് എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്യുവാനല്ലാതെ എന്‍റെ ഇഷ്ടം നിറവേറ്റുവാനല്ല.
6:39 എന്നെ അയച്ചവന്‍റെ ഇഷ്ടം, താന്‍ എനിക്കു തന്ന ഒരുവനേയും തന്നില്‍ നിന്നും നഷ്ടപ്പെടുത്താതെ അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കണം എന്നുള്ളതാകുന്നു.
6:40 പുത്രനെ കണ്ട് അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവനുണ്ടാകണം; അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കണം എന്നതാണ് എന്‍റെ പിതാവിന്‍റെ ഇഷ്ടം.
6:41 ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വന്ന അപ്പമാകുന്നു എന്ന് താന്‍ പറഞ്ഞതിനാല്‍ യഹൂദന്മാര്‍ തനിക്കെതിരായി പിറുപിറുത്തു.
6:42 ഇവന്‍ യൌസേഫിന്‍റെ മകനായ യേശു അല്ലേ? ഇവന്‍റെ അപ്പനേയും അമ്മയേയും നാം അറിയുന്നു. പിന്നെ, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നു എന്ന് ഇവന്‍ എങ്ങനെ പറയുന്നു?
6:43 യേശു അവരോട് നിങ്ങള്‍ തമ്മില്‍ തമ്മില്‍ പിറു പിറുക്കേണ്ട.
6:44 എന്നെ അയച്ച പിതാവ് ഒരുവനെ ആകര്‍ഷിച്ചെങ്കിലല്ലാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ കഴിയുന്നതല്ല. അന്ത്യ ദിനത്തില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
6:45 എന്തെന്നാല്‍ എല്ലാവരും ദൈവത്താല്‍ ഉപദേശിക്കപ്പെട്ടവരാകും എന്ന് ദീര്‍ഘദര്‍ശിയാല്‍ എഴുതപ്പെട്ടിരിക്കുന്നു. ആകയാല്‍ പിതാവില്‍ നിന്നു കേള്‍ക്കുകയും അവനില്‍ നിന്നു പഠിക്കുകയും ചെയ്യുന്നവനെല്ലാം എന്‍റെ അടുക്കല്‍ വരും.
6:46 പിതാവിനെ ആരും കണ്ടിട്ടില്ല. എന്നാല്‍ ദൈവത്തില്‍ നിന്നും ഉള്ളവന്‍ ആരോ അവനാണ് പിതാവിനെ കാണുന്നത്.